12 Apr 2020

മാണിക്യക്കല്ല്

എന്നെ കളഞ്ഞെന്നാലതു
നിന്റെ മിടുക്കല്ല ചങ്ങാതീ,
ചന്ദനം ചാരി മടുത്തത്
ചേറു പുരളാൻ ചങ്ങാതീ...
ആറ്റിൽക്കളഞ്ഞൊരീ മാണിക്യ
ക്കല്ലു തെരയണ നേരത്ത്
നാളെ നിൻ കയ്യിലിരുന്നു
ചിരിക്കും വെള്ളാരങ്കല്ലൊന്ന്

                   

23 Apr 2019

തണൽ

തണലാഗ്രഹിച്ചിരുന്നു അതി
തീ വ്രമായി....
പൊള്ളുന്ന വെയിലത്ത് അമ്മയോടൊപ്പം വിയർത്തൊലിച്ച് നടന്ന നേരത്ത്
പ്രിയമോടെ വാരിപ്പുണരുന്ന അച്ഛന്റെ ആൽമരത്തണലിന് തീരാത്ത കൊതിയായിരുന്നു.
കിട്ടാതെ വന്നപ്പോൾ...

തണലാഗ്രഹിച്ചിരുന്നു അതി തീവ്രമായി,
ആദ്യ സന്താനമായി ജനിച്ചു തോറ്റപ്പോൾ
വലതുകരത്തിൽ ചേർത്തണക്കുന്ന ജേഷ്ഠന്റെ
മാമ്പഴത്തണലിന് തീരാത്ത കൊതിയായിരുന്നു
കിട്ടാതെ വന്നപ്പോൾ....

തണലാഗ്രഹിച്ചിരുന്നു അതിതീവ്രമായി
പാതിയിൽ മുറിഞ്ഞുപോയ ജീവനാഡി പോലെ
നെഞ്ചിൽ തലചേർത്തുറക്കിയിരുന്ന നല്ല പാതിയുടെ
കണ്ടൽക്കാടിനാർദ്ര സംഗീതത്തിൽ ഭ്രമിച്ചു പോയിരുന്നു,
പ്രളയത്തിലൊരു ദിവസമെല്ലാം കുത്തിയൊലിച്ചു പോയപ്പോൾ
തണലേ വെറുത്തു പോയി അതിതീവ്രമായി

ഇനി ,
ഞാൻ കാടായി മാറുന്നൊരൊറ്റ മരം
കൊണ്ടു ശീലിച്ച കനൽ വെയിലും ,
പെയ്തു നനച്ച് തോറ്റു പോയ പേമാരിയും,
പേടിപ്പിക്കാനാവാതെ പോയ കൊള്ളിയാനും,
ഹരം പിടിപ്പിച്ചു തുടങ്ങിയപ്പോൾ
തണൽ തേടിത്തേടി ഞാനിതാ തണലായി മാറുകയാണ്!
ആകാശത്തോളം ഇല വിരിച്ച്
പ്രപഞ്ച സീമ യോളം കൈകൾ നീട്ടി
തണലന്വേഷിച്ചു തോറ്റു പോകാതിരിക്കാൻ
എന്റെ കുഞ്ഞിക്കിളിക്കും
ഇനിയൊരായിരം കിളിക്കുഞ്ഞുങ്ങൾക്കും .....

                                             

2 Mar 2019

യാത്ര

തിരക്കു കൊണ്ടു മാറ്റി വെച്ച
എത്രയെത്ര
സ്വപ്ന യാത്രകൾ  ???
ഒഴിവുകാലത്തവ
കുത്തിനോവിക്കുമ്പോൾ
 ചിരി വരുന്നു ...
എന്തിനായിരുന്നു
പണിപ്പെട്ടി ത്ര നാൾ

നമ്മൾ
തിരക്കിട്ട് കിതച്ചോടിയിരുന്നത്?
ശരീരമില്ലാത്ത ലോകത്ത് നീയും
മനസ്സില്ലാത്ത ലോകത്ത് ഞാനും
എന്നെന്നുമിങ്ങനെ
കാണാമറയത്ത്
തനിച്ചിരിക്കാനോ?
ഓർത്തുനോക്കിയാൽ
ജീവിതം ...
എന്തൊരു തമാശയാണല്ലേ?
                                       

19 Feb 2019

ജീവിതപ്പകൽ

നടന്നു തീർത്ത കനൽ വഴികളിലൂടെയുള്ള
തിരിച്ചു നടത്തം
കുടിച്ചു വറ്റിച്ച കണ്ണീർക്കടലിലേക്കുള്ള
തിരിച്ചൊഴുക്ക്
കടിച്ചു കുടഞ്ഞ ഏകാന്തതയിലേക്കൊരു
തനിച്ചു മടക്കം
എടുത്തെറിഞ്ഞ ഇരുട്ടിന്റെ കരിമ്പടത്തിലേക്കൊരു
നുഴഞ്ഞു കയറ്റം
ആവലാതികളുടെ കെട്ടഴിക്കാനും
ആവനാഴിയിലെ അമ്പുകുലക്കാനും
അരുതുകളെ എറിഞ്ഞുടക്കാനും
പുഞ്ചിരിയോടെ ചേർത്തു പിടിക്കാൻ
നീയില്ലാതായതിൽ പിന്നെ
ഞാനിങ്ങനെയൊക്കെയാണ് ....
ഉള്ളു പൊള്ളിക്കുന്ന ഉച്ചതിരിയുന്നതേ ഉള്ളു
സന്ധ്യയും കഴിഞ്ഞല്ലേ തീരൂ
അസ്വസ്ഥതകളുടെ ഈ തീരാപ്പകൽ ......

കനലുരുള

ഉണ്ടു കൊണ്ടിരിക്കുമ്പോഴാകും,
 ചിരിയോടെ അവനെഅതൂട്ടിയതും
രുചിയോടെ അവനതു കഴിച്ചതും
നെഞ്ചിൽ തികട്ടി വരിക
ഒരു തുള്ളി കണ്ണീരുറ്റിച്ച്
തേങ്ങലോടെ ഇല മടക്കി
എഴുനേൽക്കയായി പിന്നെ ....
അറിയണം ....
ചെന്നു കാണണം .. ..
എല്ലാ കൊലപാതകികളും ....
നിത്യം വെന്തു കൊണ്ടിരിക്കുന്ന
ആ പെൺകനൽ രൂപങ്ങളെ ....
എന്ത് കണക്ക് തീർക്കാനാണെങ്കിലും
തിന്നാനല്ലാതെ ,നിങ്ങളവനെ
കൊല്ലാൻ പോകുന്നതിനു മുമ്പ് .

                                       

10 Aug 2015

എന്റെ ദുഖമൊന്നു മാത്രമല്ല നിന്റെ ദുഖവും
എന്റെ കണ്ണില്‍ കണ്ണുനീര്‍ മണികളായി മാറണം
എന്റെചോര ചിന്തിടുന്ന മുറിവുകള്‍ക്കു മുകളിലായ്
നിന്റെ നോവുകള്‍പടര്‍ന്നു ഞാന്‍പിടഞ്ഞുണരണം
നിന്റെചോരയില്‍ പടുത്തുയര്‍ത്തുരില്ലൊരിക്കലും
എന്റെ ദന്തഗോപുരങ്ങള്‍ ഞാന്‍മരിക്കുവോളവും
യുദ്ധമല്ലെനിക്കുവേണ്ടതാത്മ സൗഹൃദങ്ങള്‍തന്‍
സ്വച്ഛനീല വാനവും ചുണ്ടില്‍ മന്ദഹാസവും.....

21 Nov 2014



പണ്ടു വരച്ചു മറന്നൊരു ചിത്രം
കണ്ടിതുപോലെന്‍ പഴയൊരു താളില്‍
ഉണ്ടോ നെഞ്ചില്‍ പണ്ടിതുപോല്‍ ഞാ-
നെഴുതി മറന്നൊരു നിന്‍ മുഖചിത്രം.......??????

7 Nov 2014






















പ്രണയ മേഘ മുരുകി വീണ ഗ്രീഷ്മ സന്ധ്യ യില്‍
ഒഴുകിവന്നു ഗസലു പേലൊരോര്‍മ്മയിന്നലെ
വെറുതെ താളമിട്ടുപെയ്ത മഴയിലൂറിയോ
എഴുതുവാന്‍ മറന്ന വിരഹ ഗാനമെന്തിനോ......
                                                           ( പ്രണയ..... )
ഒരു തരി കുങ്കുമം തൊടുകുറി ചന്ദനം
വാര്‍മുടിയഴകിലോ കമലദളം
ഒരു മഞ്ഞു തുള്ളിയായ് മിഴി കൂമ്പി നിന്നു നീ
ശ്രുതി ചേര്‍ന്നു പാടുമെന്‍ ദല മര്‍മ്മരങ്ങളില്‍
കരള്‍ നീറുന്നൊരു നോവില്‍ നറു നവനീതം ചൊരിയുമാര്‍ദ്ര
                                                              ( പ്രണയ..... )
 മൃദു പദ പല്ലവം നൂപുര നിസ്വനം
നയനമനോഹരം ദ്രുതചലനം
പ്രിയ ലാസ്യ വര്‍ണമായ് മിഴിയില്‍തുളുമ്പി നീ
കുളിരൂര്‍ന്നു വീഴുമീ  കിളി കൂജനങ്ങളില്‍
നിഴല്‍ നീന്തുന്നൊരു നിനവില്‍ നിറദീപങ്ങള്‍ വിടരുമരുണ
                                                                   ( പ്രണയ..... )


31 Aug 2013

 


  സങ്കടക്കടലില്‍ മുങ്ങാനെങ്കില്‍
  എന്തിനെനിക്കീ സൗഹൃദനൗക
  വെന്തുപോകുമെന്‍ നെഞ്ചകവും
  തീവാക്കുതുപ്പിയതു നീയായാലും........