ഒന്നും പറയാതെ എല്ലാം പറയുമീ
മൗനത്തിനപ്പുറം ഞാനൊന്നു പാടാം
കണ്ണുനീര്‍പ്പൂക്കളടരാതെ ഇന്നെന്റെ
പാട്ടിനു നീ സഖേ താളംപിടിക്കുക...
കാതങ്ങള്‍ താണ്ടിഞാനെത്തിയ തീരത്തു
തലചായ്ക്കുവാന്‍ തണല്‍ മരമായിരുന്നുനീ
പ്രായത്തില്‍നിന്നെഞാന്‍ തോല്‍പ്പിച്ചുവെങ്കിലും
ന്യായത്തിലേട്ടനായ് മുന്‍പേനടന്നുനീ...
കണ്ണായിനീയെന്റെ കൂടെയുള്ളപ്പോള്‍
കണ്ണാടിയെന്നേ ഞാനറിഞ്ഞുള്ളൂ
വേറിട്ടുപോകുമീനേരത്തു മുന്നിലെ
വെട്ടമില്ലായ്മയെ തൊട്ടറിയുന്നുഞാന്‍....
കണ്ടതു മുഴുവനും നിന്നിലൂടെന്നോ?
നീയില്ലയെങ്കില്‍ ഞാന്‍ കാണില്ലയെന്നോ?
കാഴ്ചയില്ലാതിനി ഈവഴിത്താരയില്‍
അലയുമെന്‍ നൊമ്പരം നീയറിയുന്നുവോ....
എങ്കിലും പോവുക, ദൂരേ വിജയങ്ങള്‍
നിന്റെ പദസ്വനം കാതോര്‍ക്കയായിടാം
പോകുന്ന വഴികളില്‍ വെയിലേറ്റു വാടുമ്പോ-
ഴോര്‍ക്കുക ഒറ്റയായ്പ്പോവില്ലൊരിക്കലും...
കയ്യില്‍ തുറക്കാന്‍ മറന്ന കുടപോലെ
ഓര്‍ക്കാതെപെയ്യാന്‍ തുനിഞ്ഞ മേഘംപോലെ
വീശിത്തണുപ്പിക്കുവാനിളംകാറ്റുമായ്
ഞാനുണ്ടു കൂടെ നീലാകാശമെന്നപോല്‍....