ഒരു നരച്ച വൈകുന്നേരം,
പ്രകോപനമൊന്നുംകൂടാതെ,
നിന്റെ ഹൃദയമൊന്നു
പാളം തെറ്റിയോടിയപ്പോഴാണ്
ഞാനാദ്യമായി
ഉല്‍ക്കണ്ഠയോടെ,
ഹൃദയമിടിപ്പുകള്‍ക്കു കാതോര്‍ത്തു തുടങ്ങിയത്....
പശിമയുള്ളൊരു ദ്രാവകം മെഴുകിയ
മാറിടത്തില്‍ ,
ചെറിയൊരുപകരണമമര്‍ത്തി
മുന്നിലെ സ്ക്രീനില്‍
നിന്റെ ഹൃദയം, ഡോക്ടര്‍
എനിക്കുമുന്നില്‍ തുറന്നിട്ടു.
താളക്രമമില്ലാതെ
തുറന്നടയുന്ന ഹൃദയവാല്‍വുകള്‍
രക്തം നുണഞ്ഞിറക്കുന്ന
പേരറിയാത്ത ഏതോ വന്യമൃഗത്തിന്റെ
ചുണ്ടുകളെ ഒാര്‍മ്മിപ്പിച്ചപ്പോഴാകണം
ഇരുണ്ട റൂമില്‍ ഞാന്‍
തലചുറ്റി വീണു.
ഉണര്‍ന്നപ്പോള്‍
എനിക്കൊന്നുമില്ലെന്ന് നീ പുഞ്ചിരിച്ചു
പക്ഷേ , ഞാനപ്പോഴും
പാളം തെറ്റിയോടുന്ന
നിന്റ ഹൃദയത്തിനു മുന്നിലേയ്ക്ക്
പറിച്ചെടുത്ത എന്റെ
ചുവന്നഹൃദയവും വീശിക്കൊണ്ട്
പാഞ്ഞടുക്കുകയായിരുന്നു.....