10 Aug 2015

എന്റെ ദുഖമൊന്നു മാത്രമല്ല നിന്റെ ദുഖവും
എന്റെ കണ്ണില്‍ കണ്ണുനീര്‍ മണികളായി മാറണം
എന്റെചോര ചിന്തിടുന്ന മുറിവുകള്‍ക്കു മുകളിലായ്
നിന്റെ നോവുകള്‍പടര്‍ന്നു ഞാന്‍പിടഞ്ഞുണരണം
നിന്റെചോരയില്‍ പടുത്തുയര്‍ത്തുരില്ലൊരിക്കലും
എന്റെ ദന്തഗോപുരങ്ങള്‍ ഞാന്‍മരിക്കുവോളവും
യുദ്ധമല്ലെനിക്കുവേണ്ടതാത്മ സൗഹൃദങ്ങള്‍തന്‍
സ്വച്ഛനീല വാനവും ചുണ്ടില്‍ മന്ദഹാസവും.....

21 Nov 2014പണ്ടു വരച്ചു മറന്നൊരു ചിത്രം
കണ്ടിതുപോലെന്‍ പഴയൊരു താളില്‍
ഉണ്ടോ നെഞ്ചില്‍ പണ്ടിതുപോല്‍ ഞാ-
നെഴുതി മറന്നൊരു നിന്‍ മുഖചിത്രം.......??????

7 Nov 2014


പ്രണയ മേഘ മുരുകി വീണ ഗ്രീഷ്മ സന്ധ്യ യില്‍
ഒഴുകിവന്നു ഗസലു പേലൊരോര്‍മ്മയിന്നലെ
വെറുതെ താളമിട്ടുപെയ്ത മഴയിലൂറിയോ
എഴുതുവാന്‍ മറന്ന വിരഹ ഗാനമെന്തിനോ......
                                                           ( പ്രണയ..... )
ഒരു തരി കുങ്കുമം തൊടുകുറി ചന്ദനം
വാര്‍മുടിയഴകിലോ കമലദളം
ഒരു മഞ്ഞു തുള്ളിയായ് മിഴി കൂമ്പി നിന്നു നീ
ശ്രുതി ചേര്‍ന്നു പാടുമെന്‍ ദല മര്‍മ്മരങ്ങളില്‍
കരള്‍ നീറുന്നൊരു നോവില്‍ നറു നവനീതം ചൊരിയുമാര്‍ദ്ര
                                                              ( പ്രണയ..... )
 മൃദു പദ പല്ലവം നൂപുര നിസ്വനം
നയനമനോഹരം ദ്രുതചലനം
പ്രിയ ലാസ്യ വര്‍ണമായ് മിഴിയില്‍തുളുമ്പി നീ
കുളിരൂര്‍ന്നു വീഴുമീ  കിളി കൂജനങ്ങളില്‍
നിഴല്‍ നീന്തുന്നൊരു നിനവില്‍ നിറദീപങ്ങള്‍ വിടരുമരുണ
                                                                   ( പ്രണയ..... )


31 Aug 2013

 


  സങ്കടക്കടലില്‍ മുങ്ങാനെങ്കില്‍
  എന്തിനെനിക്കീ സൗഹൃദനൗക
  വെന്തുപോകുമെന്‍ നെഞ്ചകവും
  തീവാക്കുതുപ്പിയതു നീയായാലും........


14 Aug 2013


   

നൂറെറടുത്തനൂലിനാലെ നമ്മള്‍ നെയ്ത പൊന്‍കൊടി 
മണ്ണിലില്ലിതിന്നുതുല്യമിനിയൊരാത്മ നിര്‍വൃതി
സത്കൃതങ്ങളാലെ സഹനസമരമന്ത്രണങ്ങളാല്‍
കര്‍മ്മചന്ദ്രനായി പാരിലിപ്പതാകവാഴുക
ഭാരതാംബതന്‍പദം നമിച്ചുനമ്മള്‍ പാടുക........
ജയതി ജയതി ജയതി ജയതി ഭാരതം......
7 Jul 2013

മെത്തയിലട്ട

മൂപ്പെത്തുമ്പോഴുള്ള പറിച്ചുനടീലില്‍
അവള്‍ക്കു നഷ്ടമാകുന്ന നിറക്കൂട്ടുകള്‍ എണ്ണിയാലൊടുങ്ങില്ല.
രസക്കൂട്ടുകളും അങ്ങനെത്തന്നെ.....
മസാലക്കൂട്ടുകള്‍ തിളച്ചുമറിയുന്ന പുത്തന്‍കലത്തില്‍
തിങ്ങിനിറഞ്ഞുതുള്ളുന്ന മുരിങ്ങാക്കോലും വെണ്ടക്കയും
ആഢ്യഗന്ധംപരത്തി കലത്തിലെ വെള്ളിക്കരണ്ടിയില്‍
ഞെളിഞ്ഞിരുന്ന് അവളെനോക്കി കൊഞ്ഞനംകുത്തുമ്പോള്‍
മുളകുപൊടിമാത്രംതിളക്കുന്ന ഉപ്പിട്ടപുളിവെള്ളത്തില്‍ നീന്തിത്തുടിക്കുന്ന
വിരലിലെണ്ണാവുന്ന ചെറുമീനുകള്‍ ഓര്‍മ്മയുടെ ചിരട്ടത്തവിയില്‍
തപ്പിത്തടഞ്ഞു കയറി അവളെനോക്കിചോദിച്ചു
നീ ഞങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ???????
അവളുടെ ഇഷ്ടങ്ങളും മണങ്ങളും ഇവിടെ നാറ്റങ്ങളാകുമ്പോള്‍
ഇവിടത്തെ സ്വര്‍ഗ്ഗീയസുഗന്ധങ്ങളിലവള്‍
 മൂക്കുപൊത്തി ജീവിക്കുകയല്ലെന്നാരുകണ്ടൂ???????


14 Apr 2012

വിഷുദിനത്തില്‍ കണ്ണാ നിന്നോട്......

                                 പതിവായെന്‍ മിഴിതലോടും    
                                 കണിയാം ശ്രീകൃഷ്ണനുണ്ണീ
                                 ഭഗവാനായല്ലനീയെന്‍
                                 മകനായീ വാഴണം
                                 അതിനായി പ്രണയയമുനാ
                                 നദിയായിട്ടൊഴുകുമെന്നില്‍
                                 വിരലുണ്ണും ബാലരൂപം
                                 മിഴിവോടെ തെളിയണം......


15 Feb 2012

എലിപ്പത്തായം

കെണിച്ചുവെച്ച എലിപ്പത്തായത്തില്‍
ഒടുവില്‍ കുടുങ്ങി....
മുട്ടനൊരു പന്നിയെലി
വീട്ടിലാകെ ബഹളമയം
വിയര്‍പ്പില്‍ വിളഞ്ഞ വിളതിന്നവനെ
വിഷംകൊടുത്തുകൊല്ലണമെന്നമ്മ.....
പനിനീര്‍ ചാമ്പയ്ക്കുതാഴെ
തുരങ്കംതീര്‍ത്തു തന്നെ വീഴ്ത്തിയവനെ
തലയ്ക്കടിച്ചു കൊല്ലണമെന്നു ചേച്ചി....
കുലക്കാനിരുന്ന വാഴക്കന്നു മാന്തിമറിച്ചിട്ടവനെ
മുക്കിക്കൊല്ലണമെന്നച്ഛന്‍....
കെണിക്കുള്ളില്‍ ഉരുട്ടിമിഴിച്ച കണ്ണുകളോടെ
കിതച്ചോടുന്ന പന്നിയെലിയെനോക്കി
ആശ്ചര്യംതുളുമ്പി ഉണ്ണിക്കുട്ടന്‍.....
അപ്പോ ഇവനാണു തുരപ്പന്‍!!!!!
ഇതിനെ എന്തുചെയ്യാന്‍ പോണൂ?
 ഏവരും ഒരേസ്വരത്തില്‍ അലറി....
കൊല്ലാന്‍ പോണൂ........
അതിനിവനെന്തു ചെയ്തൂ?
മണ്ണുതുരന്നു തുരന്നു നമ്മളെ ദ്രോഹിച്ചു.....
എന്നാപ്പിന്നെ കൊല്ലുകതന്നെവേണം
ഉണ്ണിക്കുട്ടനും തര്‍ക്കമില്ല.....
അപ്പഴേ....നമ്മളെന്നാണച്ഛാ വീടോളംപോന്ന
 എലിപ്പത്തായം വാങ്ങണേ? ഉണ്ണിക്കു സംശയം.....
എല്ലാവരും ചിരിച്ചു....
അതെന്തിനാ വീടോളംപോന്ന എലിപ്പത്തായം?
അല്ലാണ്ടെങ്ങനെ ആ വലിയ തുരപ്പനെപ്പിടിക്കും?
അതേതാ അത്ര വലിയൊരുതുരപ്പന്‍?
ഉണ്ണിക്കുട്ടന്‍ ദൂരേക്കു കൈചൂണ്ടി.....
കണ്ടോ അവിടെയൊരു മഞ്ഞത്തുരപ്പന്‍
തുരന്നുതുരന്ന് അവനാ കുന്നുമുഴുവന്‍
തിന്നുതീര്‍ക്കണതാരും കണുന്നില്ലാ???
നമ്മളെന്നാ അതിനെ പിടിക്കുന്നേ?
അമ്മ അടുക്കളയിലേക്കും
ചേച്ചി ഊണുമുറിയിലേക്കും
 വലിഞ്ഞെന്നുറപ്പായപ്പോള്‍...
നിസ്സഹായതയോടെ  അച്ഛന്‍
എലിപ്പത്തായം പതിയെ തുറന്നുകൊടുത്തു
ശരവേഗത്തില്‍ പ്രാണനുംകൊണ്ടുപായുന്ന
പന്നിയെലിയെക്കണ്ടു പേടിച്ച അമ്മുക്കുട്ടിയോടുണ്ണിക്കുട്ടന്‍
പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.....
ശ് ശ് ....ഒച്ചയുണ്ടാക്കല്ലേ....
അച്ച്ഛന്‍ കുന്നുതുരപ്പെന പിടിക്കാന്‍
കൂടൊഴിച്ചതാ.................
8 Sep 2011


ചാണകം മെഴുകിയ മുററത്തരിമാവു
ണങ്ങിയ ചിത്രക്കളത്തിനുള്ളില്‍
നാട്ടുപൂക്കള്‍കൊണ്ടു തറ്റുടുത്ത് നെറുകി
ലഴകോടെ കൃഷ്ണകിരീടമേന്തീ
കീറിത്തുടങ്ങിയോരോലക്കുടചൂടി
മണ്ണില്‍മെനഞ്ഞമാതേവരുണ്ടോ...
നാക്കിലത്തുമ്പത്തു കുത്തരിച്ചോറു
വിളമ്പിയിരുന്നെന്നെ ഊട്ടുവാനായ്
വാത്സല്യമോടേ വഴിക്കണ്ണുമായ് കാത്തു
കാത്തിരിക്കുന്നൊരെന്നമ്മയുണ്ടോ....
എ​ങ്കിലേ ഓര്‍മ്മകള്‍ തുമ്പിതുള്ളൂ
സ്വാദോടെ ഞാനെന്റെ ഓണമുണ്ണൂ......

.............................ഓണാശംസകള്‍........................