23 Dec 2008

സിഗ്നല്‍

ഒരു നരച്ച വൈകുന്നേരം,
പ്രകോപനമൊന്നുംകൂടാതെ,
നിന്റെ ഹൃദയമൊന്നു
പാളം തെറ്റിയോടിയപ്പോഴാണ്
ഞാനാദ്യമായി
ഉല്‍ക്കണ്ഠയോടെ,
ഹൃദയമിടിപ്പുകള്‍ക്കു കാതോര്‍ത്തു തുടങ്ങിയത്....
പശിമയുള്ളൊരു ദ്രാവകം മെഴുകിയ
മാറിടത്തില്‍ ,
ചെറിയൊരുപകരണമമര്‍ത്തി
മുന്നിലെ സ്ക്രീനില്‍
നിന്റെ ഹൃദയം, ഡോക്ടര്‍
എനിക്കുമുന്നില്‍ തുറന്നിട്ടു.
താളക്രമമില്ലാതെ
തുറന്നടയുന്ന ഹൃദയവാല്‍വുകള്‍
രക്തം നുണഞ്ഞിറക്കുന്ന
പേരറിയാത്ത ഏതോ വന്യമൃഗത്തിന്റെ
ചുണ്ടുകളെ ഒാര്‍മ്മിപ്പിച്ചപ്പോഴാകണം
ഇരുണ്ട റൂമില്‍ ഞാന്‍
തലചുറ്റി വീണു.
ഉണര്‍ന്നപ്പോള്‍
എനിക്കൊന്നുമില്ലെന്ന് നീ പുഞ്ചിരിച്ചു
പക്ഷേ , ഞാനപ്പോഴും
പാളം തെറ്റിയോടുന്ന
നിന്റ ഹൃദയത്തിനു മുന്നിലേയ്ക്ക്
പറിച്ചെടുത്ത എന്റെ
ചുവന്നഹൃദയവും വീശിക്കൊണ്ട്
പാഞ്ഞടുക്കുകയായിരുന്നു.....



‍‍

3 comments:

  1. "പാളം തെറ്റിയോടുന്ന
    നിന്റ ഹൃദയത്തിനു മുന്നിലേയ്ക്ക്
    പറിച്ചെടുത്ത എന്റെ
    ചുവന്നഹൃദയവും വീശിക്കൊണ്ട്
    പാഞ്ഞടുക്കുകയായിരുന്നു...."
    ഈ ട്വിസ്റ്റിലാണ് കവിത അതിന്റെ ഉടയാടയിട്ട് കൂടുതല്‍ സുന്ദരിയായത്..
    ആശംസകള്‍....

    ഘര്‍‌ഷണ, അപസ്വരങ്ങളിലൂടെയൊക്കെയാണെങ്കിലും
    പാളവും ചക്രവും അങ്ങനെ അനന്തമയ് മുന്നോട്ട് നീങ്ങട്ടെ!!!
    ഒരിക്കലും പാളം തെറ്റാതെ.....

    ReplyDelete
  2. പാളം തെറ്റിയോടുന്ന
    നിന്റ ഹൃദയത്തിനു മുന്നിലേയ്ക്ക്
    പറിച്ചെടുത്ത എന്റെ
    ചുവന്നഹൃദയവും വീശിക്കൊണ്ട്
    പാഞ്ഞടുക്കുകയായിരുന്നു.....

    ഹും ... അത്‌ വെറു ചെബരത്തി പൂവ്‌ .....
    അപ്പോൾ മനസ്സിന്റെ പാളം തെറ്റരുത്‌

    ReplyDelete
  3. അതീവഹൃദ്യമീ അഗാധ നൊമ്പരം..
    അറിഞ്ഞതിന്നു ഞാൻ സമാനസങ്കടം..

    ReplyDelete