30 Aug 2009

നെല്ലിക്കപോലെനിക്കോണം....തൊടിയില്‍ മുക്കുറ്റിപ്പൂക്കുടകളെണ്ണിനടന്ന
ഒറ്റപ്പെട്ട ബാല്യത്തിന്റെ
സുഖമുള്ളൊരോര്‍മ്മപ്പെടുത്തല്‍,
മുളവേലിയില്‍, മുള്ളുകളെമറച്ചുവളര്‍ന്ന മണിപ്പൂവിനുള്ളിലെ
ഇത്തിരി തേനിന്റെ ഇരട്ടിമധുരം,
നീളന്‍കഴുത്തില്‍ കുഞ്ഞുപൂ തിരുകിയുണ്ടാക്കിയ
തുമ്പപ്പൂവരയന്നങ്ങള്‍,
തൊടിയില്‍വേരോടിയ പാഴ്ച്ചെടിയിലെ
നിറമുള്ളൊരുചെറു പൂമൊട്ട്,
ഇതൊക്കെയും ഓണമായിവായിച്ചെടുക്കാന്‍
മനസ്സിനെ പാകപ്പെടുത്തിയതാരായിരിക്കാം?
കണ്ടാല്‍ചിരിക്കാത്ത ബന്ധുക്കളോ,
മുത്തശ്ശിയുടെ ഭാഷയില്‍,
കമ്മൂണിസ്റ്റായി കെട്ടുപോകയാല്‍,
ഓണക്കോടി തരാന്‍മറക്കാറുള്ള
നാട്ടുപ്രമാണിയും ബന്ധുജനവത്സലനുമായ
പിതാവോ?
ആരായാലും , ആണുങ്ങള്‍ ചെയ്യേണ്ടതെന്നു പറയപ്പെടുന്ന
ഒരുപാടു പണികളുടെകൂട്ടത്തില്‍,
അരിമാവില്‍ വഴുപ്പവള്ളിയരച്ചുകൊഴുപ്പിച്ച്
ചാണകമുറ്റത്തെട്ടുകെട്ടും,പതിനാറുകെട്ടും അണിയല്‍,
മണ്ണുചവിട്ടിക്കുഴച്ചുണ്ടാക്കിയ തൃക്കാകരയപ്പന്‍മാരെ
കോടിയുടുപ്പിച്ച്, ഓലക്കുടചൂടിച്ച്,പൂജിച്ച്
ഓട്ടട നേദിക്കല്‍ ,ഓണക്കോടിയെടുക്കല്‍
സദ്യ ഒരുക്കല്‍,തുടങ്ങിയ ഓണപ്പണികള്‍കൂടി
അമ്മ തനിയെ ചെയ്തുവന്നു.
വേലിക്കപ്പുറം സൗഹൃദങ്ങളും ,
ഓണസന്ദര്‍ശനങ്ങളുമില്ലായ്കയാല്‍
എന്റെ ഓണക്കോടികാണാറുള്ളതുപലപ്പോഴും
തൊടിയിലെ പുല്ലും ,പൂക്കളും, പൂമ്പാറ്റയും,ചെമ്പോത്തും
തൊഴുത്തിലെ കന്നും, കിടാവും
പിന്നെ പായസംകൊണ്ടുചെന്നാല്‍
കുപ്പായച്ചൊറുക്കിന് സ്നേഹക്കണ്ണുവെയക്കുന്ന
കുഞ്ഞുമ്മ ത്താത്തയും തന്നെ....
തിരുവോണനാളില്‍ മാത്രം
അച്ഛനുപിറകേ,അമ്മയുടെ കയ്യില്‍ത്തൂങ്ങി
പാടവരമ്പിലൂടെ അച്ഛന്‍വീട്ടിലേക്കൊരുയാത്ര
എന്തുകൊണ്ടെന്നറിയില്ല,
അതൊരന്തസ്സായിതോന്നിയിരുന്നു.....
അമ്മയും ഞാനും മാത്രമായി
തിരിച്ചുള്ള ബസ്സ്യാത്രയില്‍
എന്തിനെന്നറിയാത്ത വ്യസനവും തോന്നിയിരുന്നു
എന്നിട്ടും ചേര്‍ത്തുവായിക്കുമ്പോള്‍
അന്നത്തെ ഓണത്തിനിപ്പോഴും
തിന്നാലും തിന്നാലും
മതിയാകാത്ത ,ഏതോഒരു
കയ്പ്പന്‍ നെല്ലിക്കയുടെ രുചിയാണ്......


5 comments:

 1. എവിടെ മലയാളിയുണ്ടോ അവിടങ്ങളിലെല്ലാം പൂവിളിയും പൊലിവിളിയുമുണ്ട്. നമ്മുടെ സൌന്ദര്യ സങ്കല്പം മുതല്‍ രാഷ്ട്രീയദര്‍ശനം വരെ, സമന്വയിച്ചുരുത്തിരിയുന്ന കാര്‍ഷികസമൃദ്ധിയുടെ പ്രതീക്ഷകളാണ് ചിങ്ങത്തിരുവോണം കാഴ്ചവെയ്ക്കുന്നത്. കാലത്തിന്റെ പരിഷ്കാരഭേദമനുസരിച്ച് ആഘോഷരീതികള്‍ മാറാമെങ്കിലും ഓണത്തിന്റെ ആത്മവികാരങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.

  കമ്പോളത്തില്‍ നിന്നെങ്കിലും ഒരു പിടി പൂക്കള്‍ വാങ്ങി മുറ്റത്തോ, ഫ്ലാറ്റിന്റെ സിറ്റൌട്ടിലോ ഇതൊന്നുമില്ലെങ്കില്‍ മനസ്സിലോ കളമൊരുക്കുന്നു. കുളിച്ചു കുറിയിട്ടു പുത്തനണിയുന്നു. ഒരുമയോടെ സദ്യയുണ്ണുന്നു. അച്ഛനമ്മമാരുടെ ആഹ്ലാദവാത്സല്യങ്ങള്‍ കുഞ്ഞുമനസ്സുകള്‍ക്കു പകര്‍ന്നു കൊടുക്കുന്നു.

  നാനാവര്‍ണങ്ങളില്‍ പൂക്കളൊരുക്കി അത്തക്കളമിട്ടു നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു നിമിഷം കവിയാവുക. വൈവിധ്യങ്ങളുടെ ചേതോഹരമായ പുഷ്പസംഗമം മര്‍തൃസംഗമമായി ഭാവന ചെയ്യുക. മണ്ണിന്റെ മാറില്‍ ചേര്‍ത്തുവെച്ച പ്രകൃതിയുടെ വരദലങ്ങളില്‍ നമ്മുടെ സാഹോദര്യവും സമത്വവുമുണ്ട്. ‘മാനുഷരെല്ലാരുമൊന്നുപോലെ’ എന്നത് ഓണപ്പാട്ടിന്റെ ശീലമല്ല. മനുഷ്യ ചിന്തയിലെ ഏറ്റവും മഹത്തായ ബോധോദയമാണ്. അതു പഠിപ്പിക്കാന്‍ ഒരു കഥ, കഥയില്‍ ഒരു ബലി. അന്തര്‍ധാനം ചെയ്തിട്ടും പുനരുത്ഥാനം ചെയ്യുന്ന സത്യത്തിന്റെ ധീരമായ മഹാബലി സ്മരണയില്‍ മുഴുകിയിരിക്കുമ്പോള്‍ ഇങ്ങനെ കുറിച്ചിടാന്‍ തോന്നുന്നു,

  ശിരസ്സു കുനിച്ചതു
  വാഗ്ദത്ത സത്യത്തിന്റെ
  ബലിപീഠത്തില്‍ സ്വയം
  നിര്‍ഭയം സമര്‍പ്പിക്കാന്‍.
  മറഞ്ഞതു പോകില്ലേതു
  പാതാളപ്രവേശവു-
  മനന്ത സ്നേഹത്തിന്റെ
  ഹൃദയം തുടിക്കുമ്പോള്‍.

  പൊന്നോണാശംസകള്‍!!

  ReplyDelete
 2. chechi..
  i like your each article...

  ReplyDelete
 3. എന്നിട്ടും ചേര്‍ത്തുവായിക്കുമ്പോള്‍
  അന്നത്തെ ഓണത്തിനിപ്പോഴും
  തിന്നാലും തിന്നാലും
  മതിയാകാത്ത ,ഏതോഒരു
  കയ്പ്പന്‍ നെല്ലിക്കയുടെ രുചിയാണ്......

  ഇത്‌ വായിച്ച്‌ കുറച്ചു വെള്ളം കുടിച്ചതുകൊണ്ടായിരിക്കണം...ഈ നെല്ലിക്കക്കും അതി മധുരം മെന്ന് തോന്നി പോയത്‌... ഓണം ഓർമ്മകളിൽ നന്നായിരിക്കുന്നു

  ReplyDelete
 4. നന്നായിരിക്കുന്നു.....

  ReplyDelete
 5. നൊസ്റ്റാള്ജിയ കവിതകളെ മൊത്തം പിടികൂടാതെ നോക്കണം.

  ReplyDelete