23 Apr 2019

തണൽ

തണലാഗ്രഹിച്ചിരുന്നു അതി
തീ വ്രമായി....
പൊള്ളുന്ന വെയിലത്ത് അമ്മയോടൊപ്പം വിയർത്തൊലിച്ച് നടന്ന നേരത്ത്
പ്രിയമോടെ വാരിപ്പുണരുന്ന അച്ഛന്റെ ആൽമരത്തണലിന് തീരാത്ത കൊതിയായിരുന്നു.
കിട്ടാതെ വന്നപ്പോൾ...

തണലാഗ്രഹിച്ചിരുന്നു അതി തീവ്രമായി,
ആദ്യ സന്താനമായി ജനിച്ചു തോറ്റപ്പോൾ
വലതുകരത്തിൽ ചേർത്തണക്കുന്ന ജേഷ്ഠന്റെ
മാമ്പഴത്തണലിന് തീരാത്ത കൊതിയായിരുന്നു
കിട്ടാതെ വന്നപ്പോൾ....

തണലാഗ്രഹിച്ചിരുന്നു അതിതീവ്രമായി
പാതിയിൽ മുറിഞ്ഞുപോയ ജീവനാഡി പോലെ
നെഞ്ചിൽ തലചേർത്തുറക്കിയിരുന്ന നല്ല പാതിയുടെ
കണ്ടൽക്കാടിനാർദ്ര സംഗീതത്തിൽ ഭ്രമിച്ചു പോയിരുന്നു,
പ്രളയത്തിലൊരു ദിവസമെല്ലാം കുത്തിയൊലിച്ചു പോയപ്പോൾ
തണലേ വെറുത്തു പോയി അതിതീവ്രമായി

ഇനി ,
ഞാൻ കാടായി മാറുന്നൊരൊറ്റ മരം
കൊണ്ടു ശീലിച്ച കനൽ വെയിലും ,
പെയ്തു നനച്ച് തോറ്റു പോയ പേമാരിയും,
പേടിപ്പിക്കാനാവാതെ പോയ കൊള്ളിയാനും,
ഹരം പിടിപ്പിച്ചു തുടങ്ങിയപ്പോൾ
തണൽ തേടിത്തേടി ഞാനിതാ തണലായി മാറുകയാണ്!
ആകാശത്തോളം ഇല വിരിച്ച്
പ്രപഞ്ച സീമ യോളം കൈകൾ നീട്ടി
തണലന്വേഷിച്ചു തോറ്റു പോകാതിരിക്കാൻ
എന്റെ കുഞ്ഞിക്കിളിക്കും
ഇനിയൊരായിരം കിളിക്കുഞ്ഞുങ്ങൾക്കും .....

                                             

2 comments: