13 Dec 2008

രസപ്പൊരുത്തം

അടുക്കള ,
എനിക്കു ഭൂമിയിലെ നരകം.
പക്ഷേ , പകല്‍മുഴുവന്‍
നീയെന്നെ കാണാനാഗ്രഹിക്കുന്നതവിടെ....

അടുപ്പിലെ പച്ചവിറകിന്റെ കട്ടിപ്പുക,
വിഷസര്‍പ്പങ്ങളായ് വന്നെന്റെ
കണ്ണുകള്‍ കൊത്തിച്ചുവപ്പിക്കും.
എന്റെ മിഴികളിലെ പ്രണയച്ചുവപ്പിനേക്കാള്‍
നിനക്കാസ്വാദ്യകരം
ആ വിഷച്ചുവപ്പ്.

വിഭവങ്ങളുടെ ചേരുവാനുപാതം,
എനിക്കു തലതിളക്കുന്ന സങ്കീര്‍ണ്ണ ഗണിതം.
കൂട്ടിയാലും കുുറച്ചാലും പൂജ്യം.
അതുകൊണ്ടുതന്നെ,
സമസ്തജീവിതവിജയംതിളങ്ങുമ്പോഴും
നിനക്കുമുന്നില്‍ ഞാന്‍ സം(പൂജ്യ).

വാസനത്തെലമലിഞ്ഞ
എന്റെദേഹഗന്ധത്തേക്കാള്‍ നിനക്കുപ്രിയം,
പ്രഷര്‍കുക്കറിന്നാവിയില്‍ വെന്ത
എന്റെ മാംസഗന്ധം.
കൈ വെള്ളയിലെ മൈലാഞ്ചിമൊഞ്ചിനേക്കാളിഷ്ടം,
കറിക്കത്തി വരഞ്ഞിട്ട
വേദനിപ്പിക്കുന്ന തുടുത്തപാടുകള്‍.

വെളുത്ത മാറിലെന്റെ കറുത്തമറുകിനോടു
നിനക്കു പുച്ഛം,
കരിവാളിച്ചമുഖത്തെ
കടുകുപൊട്ടിക്കരിഞ്ഞപാടുകളിലഭിമാനം.

പണ്ടു പ്രണയകാലത്ത്,
ഞാന്‍ചൊല്ലിക്കേള്‍പ്പിച്ച കവിതകള്‍ക്കു
പുറംതിരിഞ്ഞിരുന്ന്
അമ്മയുണ്ടാക്കിയ മധുരപലഹാരത്തെവാഴ്ത്തവേ...
ഗണിച്ചെടുത്തില്ല
നമ്മുടെ ദാമ്പത്യത്തിന്റെ
രസപ്പൊരുത്തം....

അതുകൊണ്ടാവണം,
ചായയുണ്ടാക്കാനറിയാത്ത ജ്യോതിശാസ്ത്രജ്ഞയെ
കല്ല്യാണപിറ്റേന്നു തൊഴിച്ചുകൊന്നവന്‍
നിനക്കു രാമനും
എനിക്കു ചണ്ഡാളനുമാകുന്നത്.

5 comments:

  1. അടുക്കളയിൽ തന്നെ എരിഞ്ഞു തീരണം. പുക പിടിച്ചു കരുവാളിച്ചിരിക്കണം അരങ്ങത്തേക്കു പാടില്ലാ അകത്തമ്മ തന്നെയാവണം എങ്കിലേ സ്ത്രി ....

    ഇപ്പോഴും അങ്ങിനെ ചിന്തിക്കുന്നവരുണ്ട്‌... ആശംസകൾ ഈ പൊളിച്ച്‌ എഴുത്തുകൾക്ക്‌

    ReplyDelete
  2. മറിച്ചു ചിന്തിക്കാന്‍ പുരുഷന്‍മാര്‍ക്കും കഴിയുമോ? വല്ലാത്തസന്തോഷംതോന്നുന്നു.

    ReplyDelete
  3. ഒരു തരം സാഡിസ്റ്റ് ഇക്വോഷനുകളെ
    പുരുഷവല്‍ക്കരിച്ച് കാണുകയാണല്ലോ നീനാ നീ ചെയ്യുന്നത്!!!
    സമം ചേര്‍ത്ത്, അല്ലെങ്കില്‍ ഒരു പടി മുകളില്‍ ചേര്‍ത്തു വച്ച്
    സ്നേഹിക്കുന്നവരാണല്ലോ ഭൂരിപക്ഷ പുരുഷ പ്രജകളും!!!!
    പോസിറ്റീവായി ചിന്തിക്കൂ, അടച്ചാക്ഷേപിക്കാതെ...

    ആ അതെന്തായാലും കാവ്യബിം‌ം‌ബങ്ങളും ഭാഷയും തീവ്രമായിരിക്കുന്നു...
    തികഞ്ഞ വിളവുള്ള പാകമൊത്ത കവിത....
    ഏറെ നാളുകള്‍ക്ക് ശേഷം ഒരു ശക്തമായ .......പക്ഷ രചന വായിച്ചു
    ആശംസകള്‍......

    ReplyDelete
  4. ഒരിക്കലും ഒരടച്ചാക്ഷേപമല്ല രഞ്ജിത്.സ്ത്രീയെ രുചിച്ചറിഞ്ഞുമാത്രം വിലയിരുത്തുന്ന
    ഒരു സമൂഹം തന്നെയാണ് നമുക്കുളളത്.രുചിനോക്കുന്നതില്‍പക്ഷേ സ്ത്രീകളുംമുന്നിലുണ്ടെന്നുമാത്രം.കുടുംബത്തില്‍ പാചകമറിയാത്ത സ്ത്രീ അധകൃതയാണ്....അവളാരായിരുന്നാലും.
    ഒരോണത്തലേന്ന് അടുക്കളസ്വകാര്യങ്ങളിലേയ്ക്കൊന്നു കാതോര്‍ക്കൂ.......ബോധ്യാവും.

    ReplyDelete
  5. ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതൊരു വളരെ നല്ല കവിതയാകുമായിരുന്നു.നല്ല ബിംബങ്ങൾ ഉണ്ട്. പക്ഷെ അനാവശ്യമായ ചില ഇക്വേറ്റിങ് കാരണം മൊത്തത്തിൽ ഒരു പുരുഷ വിരുദ്ധ കവിത്യായി തോന്നി പോയാൽ അൽഭുദപ്പെടാനില്ല

    ഇനിയും എഴുതു..

    ReplyDelete