22 Dec 2008

മഞ്ഞ്

അവനോടൊത്തുള്ള അവസാനത്തെ മടക്കയാത്ര
ഞാനവനുള്ള ടിക്കറ്റെടുത്തു
ഞങ്ങളിരുവരും ആള്‍ക്കൂട്ടത്തില്‍ മുങ്ങിമറഞ്ഞു
അല്‍പ്പംകഴിഞ്ഞ് എന്റെ സെല്‍ഫോണൊന്നു വിറച്ചു
ഒരു സന്ദേശമെത്തിയിരിക്കുന്നു.
....ഈ കടമൊക്കെ ഇനി എന്നു വീട്ടും?....
ഞാനൊന്നു പുഞ്ചിരിച്ചു
....ഒരിക്കലും വീടാത്ത ഒരു ഭാരിച്ച കടം അവശേഷിക്കുമ്പോഴേ
സൗഹൃദം സമുദ്രംപോലെ ആഴമേറിയതാകൂ.......
വിരല്‍ത്തുമ്പുകൊണ്ടു ഞാന്‍ പ്രതിവചിച്ചു.
....ഒരുവാക്കുപോലും മിണ്ടാതെ,ഒന്നു തിരിഞ്ഞുപോലും നോക്കാതെ,
അരികിലെങ്കിലും ഒരു തിരയെന്നപോലെ, നീ അകലേയ്ക്കുപോകുകയാണ്.....
എന്റെ ഫോണില്‍ വീണ്ടും നീലവെളിച്ചം.
.....അകലേയ്ക്കുപോയ തിരകളൊന്നും തിരിച്ചുവരാതിരുന്നിട്ടില്ല.
ഒരു നിശ്വാസത്തിന്റെ അകലമേ കാണൂ ആ അകല്ചകള്‍ക്ക്.....
ഞാന്‍ കാത്തിരുന്നു , മറ്റൊരു വൈബ്രേഷനായി.
.....ചില്ലുജാലകം കടന്നെത്തിയ കാറ്റിന് നിന്റെ മണമായിരുന്നു
സൗഹൃദത്തിരുമുറ്റത്തെ പുതുമഴയേറ്റ മണ്ണിന്റെ ഗന്ധം.....
അകത്തൊരു മഴനനയുന്നതുപോലെ....എന്റെ വിരലുകള്‍ വീണ്ടും
അക്ഷരങ്ങള്‍ പെറുക്കിക്കൊണ്ടിരുന്നു.
......വാടി വീണു മണ്ണടിഞ്ഞാലും സുഗന്ധമവശേഷിപ്പിക്കുന്ന
പൂവിന്റെ ജന്‍മം സഫലമാകുന്നത് , ആസ്വാദകന്റെ സ്നേഹംതുളുമ്പുന്ന
ഓര്‍മ്മയുടെ നടുമുറ്റത്താണ്.....
ചെറിയൊരിടവേളയ്ക്കുശേഷം , വീണ്ടും നീലവെളിച്ചം.
......ഇഴപിരിയാത്ത മനസ്സുകള്‍ അടഞ്ഞുതുറന്നപ്പോഴും,
മിഴിയാകുന്ന അഴലില്‍ തൂങ്ങിയാടി സ്നേഹം പെയ്യാന്‍മടിച്ചുു.....
അകത്തു പെയ്ത മഴ ഉള്ളു നിറഞ്ഞ് ,മിഴികളിലൂടെ കവിഞ്ഞൊഴുകാന്‍തുടങ്ങുമ്പോള്‍
വിരല്‍ത്തുമ്പിനുതാഴെ അക്ഷരങ്ങളില്‍ പുകമഞ്ഞു മൂടിയോ?
....പെയ്യാന്‍ മടിച്ച സ്നേഹം, പുല്‍ ക്കൊടികളിലൂറി നിന്നിരുന്നു.
നിലാവിന്റെ ഏകാന്തതയില്‍ അതു നക്ഷത്രംപോല്‍ തിളങ്ങിയിരുന്നു
മഴയേക്കാള്‍ പ്രിയമോടെ ഞാനും അതാസ്വദിച്ചിരുന്നു.......
ശേഷം വണ്ടി കിതച്ചു നിന്നു. മിഴിവീശിയാത്രപറഞ്ഞ്
ഞാനിറങ്ങി നടന്നു.പ്രതീക്ഷയോടെ സെല്‍ഫോണിലേയ്ക്കുനോക്കി
വീണ്ടുമൊരു നീലവെളിച്ചം???...
ഇല്ല... അവസാനത്തെ കറുത്തവരയും മാഞ്ഞുകഴിഞ്ഞു
എന്റെ ഫോണ്‍ നിശ്ശബ്ദമായിരിക്കുന്നു
അതെ...ഞാനിപ്പോള്‍ പൂര്‍ണ്ണമായും പരിധിയ്ക്കുപുറത്താണ്.....

4 comments:

  1. പെയ്യാന്‍ മടിച്ച സ്നേഹം, പുല്‍ ക്കൊടികളിലൂറി നിന്നിരുന്നു.

    Nice
    :-)
    Upasana

    ReplyDelete
  2. വീണ്ടുമൊരു നീലവെളിച്ചം???...

    ReplyDelete
  3. ഇല്ല... അവസാനത്തെ കറുത്തവരയും മാഞ്ഞുകഴിഞ്ഞു
    എന്റെ ഫോണ്‍ നിശ്ശബ്ദമായിരിക്കുന്നു
    അതെ...ഞാനിപ്പോള്‍ പൂര്‍ണ്ണമായും പരിധിയ്ക്കുപുറത്താണ്.....
    the dots are very eloquent.nice poetry.aaall the best.

    ReplyDelete
  4. നല്ല കവിത. തുടരുക

    ReplyDelete