18 Mar 2009

വെള്ളത്തണ്ട്


നനവുള്ള നീര്‍മിഴിക്കുപമാനമീ മഷി-
ത്തണ്ടിലെന്നോര്‍മ്മതന്‍
ഹരിതാഭകള്‍.
അലിവുള്ള മനസ്സുകള്‍
തഴുകിത്തലോടിയി-
ന്നേറ്റം സുതാര്യമീ
സൗഹൃദങ്ങള്‍.

പൂക്കാതെ, കായ്ക്കാതെ,
എന്നെക്കൊതിപ്പിച്ച
മോഹങ്ങള്‍പോലെയീ
നീര്‍ത്തണ്ടുകള്‍.
പറയാതെപറയുന്ന
നോട്ടത്തിനോര്‍മ്മകള്‍,
തുള്ളിത്തുളുമ്പുമീ
നീര്‍ത്തുള്ളികള്‍.

തണലില്ലയെങ്കിലെ-
ന്തിലകള്‍ക്കുകീഴിലീ,
നനവെനിക്കാശ്വാസ
നീര്‍ത്തടങ്ങള്‍.
ഉടലറ്റുപോകിലും
പൊട്ടിത്തളിര്‍ക്കുവാന്‍,
ഹൃദയങ്ങളേകുന്ന
തായ് വേരുകള്‍.

അറിയാതെ ഞാന്‍തുപ്പു-
മരുതാത്തവാക്കുകള്‍,
പറയാതെ മായ്ക്കുന്ന
വിസ്മയങ്ങള്‍.
എന്റെകോപാഗ്നിയില്‍
നീര്‍ക്കുമിളയായുട-
ഞ്ഞെന്നെക്കുളിര്‍പ്പിച്ചു
പെയ്യുന്നവര്‍.

ഇനിയുമെന്നാര്‍ദ്രമാം
നൊമ്പരഛായയില്‍,
വേരോടി വളരുമീ
നീര്‍ത്തണ്ടുകള്‍.
കുളിരുന്നൊരോര്‍മ്മതന്‍
നിറമുള്ളജലമൂറി,
മഴവില്ലുപൂക്കും
മഷിത്തണ്ടുകള്‍.....

4 comments:

  1. കവിതകളൊക്കെ ഇഷ്ടപ്പെട്ടു .'ചായ' പ്രത്യേകിച്ചും .....
    കോളേജിനു മുന്‍പിലെ കടയില്‍ നിന്നും
    കടുപ്പത്തിലൊരു ചായ
    തിരക്കിട്ട് കുടിച്ചപ്പോള്‍
    നാവു പൊള്ളി .......
    രാത്രിയിലെ അത്താഴത്തിന്റെ രുചി അറിഞ്ഞില്ല .....
    പിന്നേത് ഇന്ദ്രിയം വച്ചാണ്
    ഈ ചായയുടെ രുചി മനസ് പിടിചെടുത്തത് ?............... ന്യൂട്രലൈസേഷന്‍,പെെണ്ണെഴുത്ത്,.............
    വളരേ നന്നായിരിക്കുന്നു.

    ReplyDelete
  2. Mashithandu... Nannayirikkunnu... Ashamsakal...!!!

    ReplyDelete
  3. ഇനിയുമെന്നാര്‍ദ്രമാം
    നൊമ്പരഛായയില്‍,
    വേരോടി വളരുമീ
    നീര്‍ത്തണ്ടുകള്‍.
    കുളിരുന്നൊരോര്‍മ്മതന്‍
    നിറമുള്ളജലമൂറി,
    മഴവില്ലുപൂക്കും
    മഷിത്തണ്ടുകള്‍.....

    നമിക്കുന്നു... ഈ ഓർമ്മകൾ മധുകരം

    ReplyDelete
  4. neenayude language bold aakunnathu strong gadhyathilezhuthumpozha. innu kaalathu koodi thodiyil ottakku nilkkunna oru vellathandine nokkininnatheyullu nja. vikruthamaaya aksharangal maikkan kalkkettukalkkidayil ninnum ehtra pidi vellathandu parichirikkunnu. neela mashiyilmukki entra varikal pusthakathilezhuthiyirikkunnu. nallathu.

    ReplyDelete