29 May 2009

നടുക്കഷ്ണം



പാലൊരു ഗ്ലാസ്സു ബാക്കിയുള്ളത്
പുറംപണികഴിഞ്ഞു തളര്‍ ന്നെത്തുന്ന
അച്ഛനെന്ന് അച്ഛമ്മ
അപ്പോ, പുറംപണിയും,അകംപണിയും കഴിഞ്ഞ്
അതിനേക്കാള്‍ തളര്‍ ന്നെത്തുന്ന അമ്മയ്ക്കോ? എന്നു ഞാന്‍,
ധിക്കാരി,തര്‍ക്കുത്തരം പറയുന്നോ.....

അയല വറുത്തു കോരുമ്പോള്‍
നടുക്കഷ്ണം ഏട്ടന്, നിനക്ക് തലയും വാലുമെന്നമ്മ,
അവനേക്കാള്‍ ശോഷിച്ചിരിക്കുന്നത് ഞാനല്ലേ....
അന്യ വീട്ടിലടുക്കള തൂക്കേണ്ടവളാ!
കണക്കുപറയുന്നോ നിഷേധി......

ആദ്യപ്രസവത്തില്‍ കുഞ്ഞു പെണ്ണ്,
ഒന്നൂടെ കാക്കാമെന്നെല്ലാരും,
വേണ്ട നിര്‍ത്താമെന്നു ഞാന്‍,
കേട്ടു മിഴിച്ചുനിന്നവരുടെ
ആശ്ചര്യത്തിരിയൂതിക്കെടുത്തി
അവള്‍ നടുക്കഷണം തിന്നു വളരണമെന്നു ഞാന്‍....
കാലം പോയപോക്കേ, പരിഷ്ക്കാരി.....

കല്ല്യാണപ്പിറ്റേന്നു വിരുന്നിന്
എനിക്കു ഗ്രേവി മതീന്നേ,
അമ്മ പീസ് അങ്ങോട്ടു വിളമ്പൂ,
എന്നു കടിഞ്ഞൂല്‍ പുത്രി
കുനിഞ്ഞ ശിരസ്സോടെ,
അവളെ അനുസരിക്കുമ്പോള്‍,
കൊഞ്ഞനം കുത്തുന്നൂ
പാത്രത്തില്‍ ശേഷിച്ചൊരു നടുക്കഷ്ണം.
പമ്പര വിഡ്ഢി..................

12 comments:

  1. നന്നായിരിക്കുന്നു.നമ്മുടെ വിപ്ലവങ്ങള്‍ നമ്മുടേതു മാത്രമാണ്.ഒരു ജീവിതം തന്നെ മുഴുവനായി ഒരാദര്‍ശത്തില്‍ നിലയുറപ്പിക്കാന്‍ പോലും നമുക്ക് ആവണമെന്നുമില്ല.ജീവിതം സാധ്യതകളുടേതാണ്...അത് അതിന്റെ പാട്ടിന് ജീവിക്കും..:)

    ReplyDelete
  2. എങ്ങനെയായാലും രക്ഷയില്ലെന്നു.. ഇപ്പോഴു അങ്ങിനെയാണോ... ഒത്തിരി മാറിയിട്ടുണ്ടെന്നു തോന്നുന്നു.
    നല്ല ആശയം.

    ReplyDelete
  3. എവിടെയാണു കുറെ നാളായല്ലോ ...സുഖമല്ലേ

    ReplyDelete
  4. പെണ്ണായതിലും
    പെണ്ണിനെ പെറ്റതിലും
    പെണ്ണിനെ പെണ്ണായി
    വളര്‍ത്തിയതിലും
    അഭിമാനിക്കാം

    ReplyDelete
    Replies
    1. എന്നിട്ടും കല്യാണപ്പിറ്റേന്ന് പെണ്ണ് "വെറും പെണ്ണായി"പ്പോയതിന്റെ നിരാശയും ഈ കവിതയിലുണ്ട്.

      Delete
  5. നല്ല സോഷ്യല് സറ്റയര്.

    ReplyDelete