28 May 2010

പലായനം




അര്‍ത്ഥരഹിതമായ വാക്കുകള്‍
നിരത്തിവെച്ചൊരാകാശത്ത്
വെളിച്ചമില്ലായിരുന്നു
വാക്കുകളല്പമൊന്നുന്നു പ്രകാശിച്ചിരുന്നെങ്കില്‍
നക്ഷത്രങ്ങളായ് തിളങ്ങിയേനേ!
പലകുറി പടിഞ്ഞിരുന്ന്
തിരിച്ചും മറിച്ചും നിരത്തിനോക്കിയിട്ടും
അവ ഇരുട്ടില്‍ ചത്തുകിടന്നു
എവിടെനിന്നെന്നറിഞ്ഞില്ല
ഇളംകാറ്റിലൊരു വിവാദത്തീപ്പൊരി
ചിറകിലേറ്റിവന്ന മിന്നാമിനുങ്ങ്
ചിറകു കരിഞ്ഞ്, മഷിയുണങ്ങാത്ത
അക്ഷരങ്ങള്‍ക്കിടയില്‍ വീണ്
മിന്നിമിന്നിത്തിളങ്ങിത്തിളങ്ങി
പതിയെ മങ്ങിത്തുടങ്ങി....
സാകൂതം അതിനെത്തന്നെ
നോക്കിനില്‍ക്കേ, ചുറ്റിലും വെട്ടം പരന്നു
വാക്കുകള്‍ കത്തിജ്വലിച്ചു
അക്ഷരങ്ങളര്‍ത്ഥംതേടി
വാചകങ്ങളില്‍നിന്നും വാചകങ്ങളിലേക്ക്
അനുവാദമില്ലാതെ
ചിറകടിച്ചു പറന്നുയര്‍ന്നു
തന്നിഷ്ടംപോലെ അസ്ഥാനങ്ങളില്‍
ഔചിത്യംനോക്കാതെ ഞെളിഞ്ഞിരുന്നു
അനര്‍ത്ഥങ്ങളായ നാനാര്‍ത്ഥങ്ങള്‍
നാലുപാടും വ്യക്തതയോടെ പരന്നൊഴുകി
ജ്വലിക്കുന്ന വാക്കുകളുടെ ചൂടേറ്റ്
പ്രതിഭകരിഞ്ഞുവികൃതമായ കവിയാകട്ടെ
ചേതനയറ്റ മിന്നാമിനുങ്ങിന്റെ
കെട്ടുപോയ തണുത്തവെളിച്ചത്തിനുള്ളില്‍
ഒച്ചയുണ്ടാക്കാതെ നൂണ്ടുകയറി
ആരുമറിയാതെ ഒളിച്ചുപാര്‍ത്തു......

11 comments:

  1. അര്ത്ഥമുള്ള വാക്കുകള് വച്ചു നോക്കൂ
    :-)

    ReplyDelete
  2. നല്ല വരികള്‍ :)

    ReplyDelete
  3. "അനുവാദമില്ലാതെ
    ചിറകടിച്ചു പറന്നുയര്‍ന്നു"

    മാധ്യമരംഗത്തെ നുണകള്‍ നിറഞ്ഞ വാര്‍ത്തകള്‍
    പ്രധിഷേധവരികളായത് പോലെ തോന്നി.

    ReplyDelete
  4. കവിതാവിമര്‍ശനമോ?
    കവിത കൊണ്ടുള്ള വിമര്‍ശനമോ
    കവിതയ്ക്കുള്ള വിമര്‍ശനത്തിനുള്ള കവിതയോ

    ഈ പലായനബോധം എന്തോ ഹര്‍ട്ട് ചെയ്യുന്നു.
    വാക്കുകള്‍ തിരിഞ്ഞു കുത്തുന്നോ എന്തോ?

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ആദ്യമായിട്ടാണ് ഞാന്‍ ഈ ബ്ലോഗില്‍..
    കവിത വായിച്ചു..വളരെ ഏറെ ഇഷ്ടമായി..
    പലവട്ടം വായിച്ചു..നല്ല വരികള്‍..
    കവിതയെക്കുറിച്ച് ഏറെ ഒന്നും
    അറിയില്ലെങ്കിലും വളരെ ഏറെ ഇഷ്ടം തോനി
    ഈ വരികള്‍ എല്ലാം..
    കവിതയുടെ ചാരെ ഞാന്‍ കുറെ നിന്നു.
    കവിത എനിക്ക് മുഖം തിരിച്ചു നിന്നതെ ഉള്ളൂ..
    എങ്കിലും ഞാന്‍ പ്രണയിക്കുന്നു കവിതയെ..
    ഇനിയും ഇനിയും നല്ല കവിതകള്‍
    ജനിക്കട്ടെ ,വാശി മനസ്സില്‍ ഉണ്ടെങ്കില്‍
    ഉയരങ്ങള്‍ ഇനിയും കീഴടക്കാം..
    ആശംസകള്‍..

    ReplyDelete
  9. ഇരുള് വീഴുന്ന ആകാശത്ത് അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന അക്ഷരങ്ങളും വാക്കുകളും കവിതയാക്കി വിരിയിച്ച ആ മിന്നാമിനുങ്ങിന്റെ തണുത്ത വെട്ടത്തെ ഊതി ജ്വലിപ്പിച്ചുകൊണ്ടേയിരിക്കുക. നല്ല കവിത.

    ReplyDelete