21 Jan 2011

വിടുതല്‍ സര്‍ട്ടിഫിക്കറ്റ്


അപേക്ഷിക്കാതെതന്നെ
വിടുതല്‍ സര്‍ട്ടിഫിക്കറ്റു നല്‍കി
കൊള്ളരുതാത്തവനെന്നു
പുറത്തു ചാപ്പയും കുത്തി
തന്നിഷ്ടപ്രകാരം ചവിട്ടിക്കുഴച്ചൊടുവില്‍
വെള്ളമേറിയതിനു മണ്ണിനത്തെ പഴിച്ച്
സ്വന്തം സൃഷ്ടികളെ തച്ചുടച്ചു
കുപ്പയില്‍ തള്ളാന്‍ 
എത്ര എളുപ്പം!!!!
പ്രത്യേകിച്ചും ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക്.

കുരുത്തക്കേടിനു ഗ്രേഡിടുമ്പോഴാകട്ടെ
ശമ്പളപരിഷ്ക്കരണത്തിനെന്നതിനെക്കാള്‍
ഐക്യവും,സംഘബോധവും
ഊക്കന്‍വാദമുഖങ്ങളും
സാമൂഹ്യ പ്രതിബദ്ധതയും
ഞങ്ങളിലാളിക്കത്തും....

ഉത്തരംപറയുമ്പോള്‍ തലയുയര്‍ത്തിപ്പിടിക്കുന്നവന്
ഏ പ്ളസ് കൊടുക്കുമെങ്കിലും
തലയുയര്‍ത്തിപ്പിടിച്ച് ചോദ്യം ചോദിക്കുന്നവനെ
ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല...
പുറത്താക്കപ്പെടുന്നവന്റെ
മനോവ്യഥകളാകട്ടെ ഇടവേളകളിലെ
ചായയും ഉണ്ടപ്പൊരിയും പോലെരസകരം....
മേമ്പൊടിക്കൊരു പ്രണയംകൂടിപിടിക്കപ്പെട്ടാല്‍
ഒളികാമറകളെവെല്ലുന്ന കണ്ണുകള്‍ മാത്രമമായി
രൂപാന്തരം പ്രാപിക്കാനൊരു
പ്രത്യേക കഴിവുതന്നെയുണ്ടു ഞങ്ങളില്‍ പലര്‍ക്കും....

തീര്‍ന്നില്ല... കണ്ടതിലപ്പുറം വ്യാഖ്യാനിക്കലും
ഊതിപ്പെരുപ്പിച്ചുണ്ടാക്കിയആകാശക്കപ്പലിലെ
ഗഗനസഞ്ചാരവും സര്‍വ്വസാധാരണം
തന്ത്രപൂര്‍വ്വം കയ്യിലെടുത്തുള്ളുതുരന്ന്
കളങ്കമില്ലാമനസ്സുകള്‍ പെറുക്കിക്കൂട്ടി
എട്ടുകാലിമുട്ടപോലെ തല്ലിപ്പോട്ടിച്ച്,
പുറത്തുചാടുന്ന രഹസ്യക്കുഞ്ഞുങ്ങളെ
പരക്കംപായിച്ചു ചവിട്ടിയരക്കാനും
ഞങ്ങളോളം വൈഭവമുള്ളവര്‍ഇല്ലതന്നെ!


എന്നിട്ടും, പക്ഷേ സമര്‍ത്ഥരായ ഞങ്ങളെപറ്റിച്ച്
ചീറിപ്പറക്കുന്ന ഇരുചക്രവാഹനങ്ങളിലേറി
അനുവാദം ചോദിക്കാതെ ചിലമിടുക്കന്‍മാര്‍
ജീവിതത്തില്‍നിന്നുതന്നെ
ടി സി വാങ്ങിപ്പോകുമ്പോള്‍
ഉത്തരം മുട്ടിയിട്ടും
പിന്‍തിരിഞ്ഞുനോക്കാന്‍തോന്നാത്തത്
എന്തുകൊണ്ടാവാം?????

5 comments:

  1. ഉത്തരംപറയുമ്പോള്‍ തലയുയര്‍ത്തിപ്പിടിക്കുന്നവന്
    ഏ പ്ളസ് കൊടുക്കുമെങ്കിലും
    തലയുയര്‍ത്തിപ്പിടിച്ച് ചോദ്യം ചോദിക്കുന്നവനെ
    ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല...

    മനസ്സിലാകുന്ന ഭാഷയില്‍ നല്ല സൌന്ദര്യത്തോടെ ഭംഗിയായ അദ്ധ്യാപക കവിത വളരെ ഇഷ്ടമായി. തുറന്നു സമ്മതിക്കാത്ത എന്നാല്‍ എല്ലാര്‍ക്കും അറിയുന്നവ തുറന്നു വെച്ചത് നന്നായി.

    ReplyDelete
  2. അവസാന ഖണ്ഡികയുടെ മണം, ചുവക്കുന്നു...
    നന്നായി എഴുതി...

    ReplyDelete
  3. തൊട്ടറിയാം എനിക്ക് ഈ കവിത

    ReplyDelete
  4. even the moon has a dark side for it

    ReplyDelete
  5. മറ്റൊരു തൊഴിലും കിട്ടാതെ തല മൂത്തുനരച്ച്
    പക മൂത്തുമൂത്ത് അദ്ധ്യാപകനായതാണ്.
    പകയാല്‍ മുമ്പില്‍ക്കാണുന്നവറ്റയെ ഒക്കെ
    ഒന്നല്ല ഒരുനൂറുപാഠം പഠിപ്പിക്കുമെന്നുറച്ചതാണ്.



    എത്ര പഠിപ്പിച്ചാലും പഠിയാത്തവറ്റ പടിക്കു പുറത്ത്.
    ഇമ്പൊസിഷന്‍, കൊമ്പസിഷന്‍ തുടങ്ങിയ കലാപരിപാടികള്‍വേറെയുമുണ്ട്.
    തിരിച്ചുതല്ലില്ലെന്നുറപ്പുണ്ടെങ്കില്‍
    കവിളടിച്ചുപൊളിക്കുകയുമാവാം.
    ചില കൊച്ചു മോണ്‍സ്റ്റേഴ്സിന്റെ (സാറി V. K. N.) തുടുകവിള്‍ കാണുമ്പോള്‍
    തല്ലിപ്പഴുപ്പിക്കാന്‍ ബഹുരസമാണ്.
    കുട്ടിപ്പിശാശുക്കളുടെ കരച്ചിലോ, സംഗീതം തന്നെ.
    അദ്ധ്യാപകന്റെ കത്തും പകയിലേക്കു ഘൃതം പോലെ വീഴുന്ന കര്‍ണ്ണാമൃതം.

    തൊഴില്‍ പകയാണെങ്കിലും
    ജലപാനത്തിനും മധുപാനത്തിനും മറ്റുനേരമ്പോക്കിനും
    ഇതു മതിയാവില്ല.
    അതിനു സൈഡു വിസിനസ്സു ബേറെ.

    അദ്ധ്യാപഹയനെന്നാള്‍ക്കാര്‍ പരിഹസിക്കാറുണ്ട്.
    അതാപ്പഹയന്മാര്‍ക്കു കഥയറിയാത്തതുകൊണ്ടാണ്.
    അത്തുംപുത്തും തിരിയാത്തവരെ അനര്‍ത്ഥം പഠിപ്പിച്ച്
    അക്ഷരവിരോധികളാക്കുന്നതിന്റെ സുഖമറിയാത്തതിനാലാണ്.
    www.malayalapathrika.blogspot.com

    ReplyDelete