30 Nov 2008

മംഗളം

കളിവിളക്കണയുന്നു തിരശ്ശീല താഴുന്നു
ഇൗ കളിയരങ്ങും എനിക്കന്യമാകുന്നു
ഇവിടെ ഞാനാടിയ വേഷങ്ങളൊക്കെയും
പിരിയുവാനാകാതെ മൊഴിമുറ്റി നില്ക്കുന്നു

പകലന്തിയോളമെന്‍ കൂടെയാടാറുള്ള
പ്രിയരെന്നെ നോക്കാതെ പലവഴിക്കകലുന്നു
മിഴികൊണ്ടു മിഴിയില്‍ ഞാനെഴുതിയ സന്ദേശ-
കാവ്യമലിഞ്ഞുനിന്‍ മിഴികള്‍ചുവക്കുന്നു

ഇനിയില്ലെനിക്കീയരങ്ങത്തു വേഷങ്ങള്‍
കെട്ടിയാടും മിനുക്കുംനാളെമറ്റൊരാള്‍
ഉള്ളതിനി സദസസിന്റെ പിന്‍നിരയിലൊരുകോണില്‍
നീലിച്ച നോവിന്‍ നിശ്ശബ്ദ നിഴല്‍വേഷം

ഇനിയില്ലെനിക്കുനിന്‍ അരികത്തു സ്നേഹത്തി-
നാഴങ്ങളില്‍ മുങ്ങി നിവരുവാന്‍ സ്വാതന്ത്ര്യം
ഇനിയില്ലെനിക്കുനിന്‍ ശാസനാ ജ്വാലയേ-
റ്റുരുകി സംശുദ്ധയായ് തീരുന്ന സൗഭാഗ്യം

അറിയില്ല ഞാനെന്തിനലിയുന്നിതീവിധം
എന്നെ നഷ്ടപ്പെട്ടുകൊണ്ടുനിന്‍ ജീവനില്‍
അറിയുന്നതൊന്നുഞാന്‍ അത്രമേല്‍ സ്നേഹിച്ചു-
പോയെന്റെയീക്കൊച്ചു സൗഹൃദത്തട്ടകം.

ഇനിയുമൊരുനാള്‍ നമ്മളീക്കളിയരങ്ങത്തു
കൂടിയാടാമെന്നു വെറുതെ മോഹിക്കിലും
ഒരുവട്ടമത്രെ നാം ഒരു പുഴയ്ക്കകമേറി
ഒന്നിച്ചു നീരാടി നീന്തിത്തുടിച്ചിടൂ.

1 comment: