14 Feb 2009

വാലന്റൈന്‍സ് ഡെ....

ഞാന്‍ ജീവിച്ചിരിക്കേ നടക്കില്ല.
അമ്മ അലറി.....
നിങ്ങളെ കൊന്നിട്ടായാലും,
എനിക്കയാളോടൊപ്പം ജീവിക്കണം.
അനിയത്തി വാതില്‍ കൊട്ടിയടച്ചു.
എനിയ്ക്കായി തിളച്ചുതൂവിയ ചായച്ചെമ്പ്,
അമ്മ വെറുംകയ്യാലേ വാങ്ങിവെച്ചു.
ഇറച്ചിവെന്തമണം...
ഞാനോടിച്ചെന്നു
പൊള്ളിയത് കയ്യല്ലകുട്ടീ
അടിവയറാ...അമ്മതുളുമ്പി
ഒരുതുള്ളി കണ്ണീരുരുണ്ട്
അടുപ്പില്‍വീണാളികത്തി
കണ്ണീര്‍ക്കനലേറ്റാവിയായ്തീര്‍ന്നഎനിക്കൊപ്പം
കാലം പുറകോട്ടൊഴുകി....
നേരം കറുത്തു നട്ടപ്പാതിരയായി,
ഇടിവെട്ടിമഴപെയ്തു,
കാലന്‍കോഴി കുത്തിച്ചുട്ടു,
ശ്വാസംവലിക്കുന്ന മുത്തശ്ശിയുടെ
തുളവീണ കരിമ്പടപ്പുതപ്പില്‍
പേടിച്ചരണ്ട ഒരുപത്തുവയസ്സുകാരിചുരുണ്ടുകയറി,
കെട്ടുതാലി വിറ്റകാശും,
വെള്ളത്തുണി കുത്തിനിറച്ചസഞ്ചിയും പേറി
ഓലവാതില്‍ ചാരി,
ഇടിഞ്ഞുതാഴുന്നനിറവയറോടെ
അമ്മ ഒറ്റയ്ക്കു നീന്തിപ്പോയി പെറ്റു!
ഓര്‍മ്മകള്‍ വീര്‍ത്തുകെട്ടി
ശാസനകളുടെ പേറ്റുനോവിലിരമ്പിയാര്‍ത്ത്
സംഹാരരുദ്രയായിഞാന്‍വാതില്‍തള്ളിത്തുറന്നപ്പോള്‍
ദിവാസ്വപ്നങ്ങളിലലിഞ്ഞുപോയ
അവള്‍ക്കുമുന്നില്‍,
കടലാസ്സിലെനിറക്കൂട്ടുകളില്‍
ഗര്‍ഭമലസിചത്തുകിടക്കുന്നൂ ഒരു
ഹാപ്പി വാലന്റൈന്‍സ്ഡേ........

3 comments:

  1. ഒരുതുള്ളി കണ്ണീരുരുണ്ട്
    അടുപ്പില്‍വീണാളികത്തി
    കണ്ണീര്‍ക്കനലേറ്റാവിയായ്തീര്‍ന്നഎനിക്കൊപ്പം
    കാലം പുറകോട്ടൊഴുകി
    ഓര്‍മ്മകള്‍ വീര്‍ത്തുകെട്ടി
    ശാസനകളുടെ പേറ്റുനോവിലിരമ്പിയാര്‍ത്ത്

    ഹാപ്പി വാലന്റൈന്‍സ്ഡേ........
    എവിടെയോ മങ്ങിപോയി

    ReplyDelete
  2. പച്ചയായ യാഥാര്‍ത്ഥ്യം

    ReplyDelete