8 Mar 2010

ആന്‍ജിയോപ്ളാസ്ററി


പാടാന്‍ മറക്കുന്നു പലകുറിയോമലേ,
വാക്കുകള്‍ വരിതെററി വന്നുനില്‍ക്കേ,
ഉന്നം പിഴച്ചെരെന്‍ കല്ലുകൊണ്ടന്നുനിന്‍
നെറ്റിയില്‍ പൊങ്ങിയ മുഴകള്‍പോലെ...
പാടാതെ പോകുന്ന പാട്ടുകള്‍ തിങ്ങിയെന്‍
സിരയില്‍ കൊഴുപ്പിന്‍ മുഴകളത്രേ!!!

എത്തിപ്പിടിക്കുവാനോടിക്കിതച്ചന്നു
വീണുപോകേ നീ ശപിച്ചിരിക്കാം,
എത്രകാതങ്ങള്‍ ഞാന്‍ നിന്നെജയിച്ചുകൊ-
ണ്ടോടിയെന്നാലും വിയര്‍ത്തീവിധം
എത്താത്തരക്തത്തിനായിക്കിതച്ചൊരു
നാളില്‍ത്തളരുമീ ഹൃദയമെന്ന് ..

ആറാട്ടിനാശിച്ചു വാങ്ങിയ കൈവള-
ച്ചാര്‍ത്തുകള്‍ തല്ലിയുടച്ചനാളില്‍,
ഓര്‍ത്തുവോ ,ഈ വളപ്പൊട്ടുനാളെക്കുഞ്ഞു
വളയങ്ങളായിപ്പിറവികൊണ്ട്,
"സ്റ്റണ്ടെ"ന്ന പേരിലെന്‍ നെഞ്ചുതുളച്ചക-
ത്താര്‍ത്തു തിമിര്‍ക്കാന്‍ തുനിയുമെന്ന്...

ഔലത്തഴകൊണ്ടു നമ്മളന്നെത്രയോ
പീപ്പിയും വാച്ചും മെനഞ്ഞിരുന്നൂ,
തഞ്ചത്തിലേതോ ത്രിസന്ധ്യയില്‍ ഞാന്‍നിന
ക്കായൊരു മോതിരം തന്നിരുന്നൂ,
അന്നതുകൊള്ളാത്ത കൈവിരല്‍നോക്കിനീ
എന്നോടു കോപിച്ചു നിന്നിരുന്നൂ...

അന്നത്തെ മോതിരക്കൈവിരല്‍ത്തുമ്പുഞാ-
നോര്‍ക്കാത്ത സന്ധ്യകളിന്നുമില്ലാ,
ശൂന്യമായ്ക്കാണ്മതെന്തിന്നുമാ വിരലെന്നു
നിന്നോടുചോദിച്ചറിഞ്ഞുമില്ലാ,
തെട്ടുതലോടിയിരുന്നൂ വെറുതെയെന്‍
വിരലിലെക്കനമുള്ളപൊന്‍മോതിരം...

അച്ഛന്റെ രക്തക്കുഴലിനകത്തൊരു
മോതിരമിട്ടെന്നു മക്കളോതീ,
കേട്ടുചിരിച്ചെന്റെ നെറ്റിയില്‍തൊട്ടവള്‍
സാരിത്തലപ്പിനാല്‍ മിഴികളൊപ്പീ,
അപ്പോഴുമന്നുനിന്‍ കൈവിരല്‍ത്തുമ്പത്തു
കേറാത്തമോതിര മോര്‍ത്തുപോയ്ഞാന്‍...

8 comments:

  1. നല്ല വരികള്‍..
    ഒരല്‍പം പഴമ തോന്നിക്കുന്ന ശൈലി...എന്തായാലും ഗദ്യ കവിത്കള്‍ക്കിടയില്‍ ഒരാശ്വാസം തന്നെ..

    ReplyDelete
  2. നന്നായിരിക്കുന്നു ടീച്ചറേ, താളവും വിഷയവും....

    ReplyDelete
  3. നന്നായിരിക്കുന്നു ...........

    ReplyDelete
  4. Valare manoharam...

    nalla thaalam....

    hrudayam niranja aasamsakal...

    rgds
    nisi
    www.eenam.com

    ReplyDelete
  5. പാടാന്‍ മറക്കുന്നു പലകുറിയോമലേ,
    വാക്കുകള്‍ വരിതെററി വന്നുനില്‍ക്കേ,
    ഉന്നം പിഴച്ചെരെന്‍ കല്ലുകൊണ്ടന്നുനിന്‍
    നെറ്റിയില്‍ പൊങ്ങിയ മുഴകള്‍പോലെ...
    പാടാതെ പോകുന്ന പാട്ടുകള്‍ തിങ്ങിയെന്‍
    സിരയില്‍ കൊഴുപ്പിന്‍ മുഴകളത്രേ!!!

    കൊള്ളാം ഈ വരികൾ.

    ReplyDelete
  6. വളരെ വളരെ യിഷ്ടമായി
    വാക്കുകൾ വരി"തെറ്റാതെ" വന്നു നിൽക്കുന്നു

    ReplyDelete
  7. ഉദാത്തം.

    ReplyDelete
  8. Aneesh Babu 90s batch23 March 2015 at 00:32

    Kalakki teachereyy... touching...

    ReplyDelete