13 Feb 2011

പ്രാര്‍ത്ഥനാഗീതകം....

അരൂപിയല്ല നീയെനിക്കനന്തരൂപിയാകണം
സമസ്തകോടിജീവജാലമേകമെന്നുതോന്നണം
സര്‍വ്വഭൂത സങ്കടങ്ങള്‍ ഗോചരങ്ങളാകണം
സഹാനുഭൂതിയുള്‍ക്കടല്‍ത്തിരകളായിമാറണം
അസാധ്യമെന്നചിന്തയെ ജയിച്ചെനിക്കുവളരണം
അമൂല്യരത്നമമ്മതന്ന സ്നേഹമെന്നറിയണം
തികഞ്ഞഭക്തിയോടെ ജന്മനാടിനെനമിക്കണം
ഗുരുപദാംബുജങ്ങളെന്നുമുണ്മയായ് സ്മരിക്കണം
തിന്മബാഷ്പമാക്കുമാത്മ സൗഹൃദങ്ങളേകണം
നന്മപ്രോജ്ജ്വലിച്ചിടുന്ന ദീപമായ് വിളങ്ങണം
അറിവിനായടങ്ങിടാത്ത ദാഹമുള്ളിലെരിയണം
അറിഞ്ഞതേകമാത്രയെന്നൊരെളിമയില്‍ തെളിയണം
ശത്രുവെങ്കിലും കരം ഗ്രഹിക്കുവാന്‍ കഴിയണം
മിഴികള്‍ കൊണ്ടു മാനസം തലോടുവാന്‍ പഠിക്കണം
നാവില്‍ നല്ലവാക്കുകള്‍ സദാതുളുമ്പിനില്‍ക്കണം
നിറഞ്ഞപുഞ്ചിരിക്കുമുന്‍പിലായുധങ്ങള്‍തോല്ക്കണം

13 comments:

  1. പ്രാര്‍ത്ഥനക്ക് നന്നായി..
    ഇങ്ങിനെയൊക്കെ നടക്കാന്‍ കഴിഞ്ഞാല്‍ നന്നായി..
    ചൊല്ലാന്‍ നല്ല ചേല് തോന്നി.

    ReplyDelete
  2. കുഞ്ഞിക്കണ്ണിലെ കനവില്‍ പ്രതീക്ഷകള്‍...

    ReplyDelete
  3. നാവില്‍ നല്ലവാക്കുകള്‍ സദാതുളുമ്പിനില്‍ക്കണം
    നിറഞ്ഞപുഞ്ചിരിക്കുമുന്‍പിലായുധങ്ങള്‍തോല്ക്കണം ... പ്രാർത്ഥനപോലെ എല്ലാം പൊലിക്കട്ടെ, നന്മകൾ നേരുന്നൂ!

    ReplyDelete
  4. പ്രതീക്ഷയുടെ വരികൾ...

    ReplyDelete
  5. ഈ വരികളിലൂടെ(വഴികളിലൂടെ) വളരട്ടെ.

    ReplyDelete
  6. കൊള്ളാം, നന്നായിരിക്കുന്നു....ആശംസകള്‍....

    ReplyDelete
  7. സുന്ദരമായ വരികള്‍
    ടൈപ്‌ ചെയ്തപ്പോള്‍ വാന്ന പദാംബുജം എന്ന പദത്തിലെ പിശകു കൂടി തിരുത്തുമല്ലൊ.

    പിന്നെ "അറിഞ്ഞതേകമാത്രയെന്ന്--" ആ വരി വായിച്ചിട്ട്‌ എന്തോ ഒരു സുഖക്കുറവു തോന്നി

    ബാക്കി ഒക്കെ വളരെ ഭംഗിയായിട്ടുണ്ട്‌
    നന്ദി

    ReplyDelete
  8. നമ്മളലിയുന്ന ഹിമമെന്നാകിലും
    വാക്കുകളുയരുന്ന അഗ്നിയാകണം

    ReplyDelete
  9. നന്ദി എല്ലാര്‍ക്കും

    ReplyDelete
  10. കാലത്ത്‌ ഈ കവിത ചൊല്ലിയാല്‍ മനസ്സിനൊരു ഉണര്‍വുണ്ടാകും എന്നു തോന്നി
    അതു ദാ ഇവിടെ

    ReplyDelete
  11. nalla kavitha ...keep going

    ReplyDelete