15 Feb 2012

എലിപ്പത്തായം

കെണിച്ചുവെച്ച എലിപ്പത്തായത്തില്‍
ഒടുവില്‍ കുടുങ്ങി....
മുട്ടനൊരു പന്നിയെലി
വീട്ടിലാകെ ബഹളമയം
വിയര്‍പ്പില്‍ വിളഞ്ഞ വിളതിന്നവനെ
വിഷംകൊടുത്തുകൊല്ലണമെന്നമ്മ.....
പനിനീര്‍ ചാമ്പയ്ക്കുതാഴെ
തുരങ്കംതീര്‍ത്തു തന്നെ വീഴ്ത്തിയവനെ
തലയ്ക്കടിച്ചു കൊല്ലണമെന്നു ചേച്ചി....
കുലക്കാനിരുന്ന വാഴക്കന്നു മാന്തിമറിച്ചിട്ടവനെ
മുക്കിക്കൊല്ലണമെന്നച്ഛന്‍....
കെണിക്കുള്ളില്‍ ഉരുട്ടിമിഴിച്ച കണ്ണുകളോടെ
കിതച്ചോടുന്ന പന്നിയെലിയെനോക്കി
ആശ്ചര്യംതുളുമ്പി ഉണ്ണിക്കുട്ടന്‍.....
അപ്പോ ഇവനാണു തുരപ്പന്‍!!!!!
ഇതിനെ എന്തുചെയ്യാന്‍ പോണൂ?
 ഏവരും ഒരേസ്വരത്തില്‍ അലറി....
കൊല്ലാന്‍ പോണൂ........
അതിനിവനെന്തു ചെയ്തൂ?
മണ്ണുതുരന്നു തുരന്നു നമ്മളെ ദ്രോഹിച്ചു.....
എന്നാപ്പിന്നെ കൊല്ലുകതന്നെവേണം
ഉണ്ണിക്കുട്ടനും തര്‍ക്കമില്ല.....
അപ്പഴേ....നമ്മളെന്നാണച്ഛാ വീടോളംപോന്ന
 എലിപ്പത്തായം വാങ്ങണേ? ഉണ്ണിക്കു സംശയം.....
എല്ലാവരും ചിരിച്ചു....
അതെന്തിനാ വീടോളംപോന്ന എലിപ്പത്തായം?
അല്ലാണ്ടെങ്ങനെ ആ വലിയ തുരപ്പനെപ്പിടിക്കും?
അതേതാ അത്ര വലിയൊരുതുരപ്പന്‍?
ഉണ്ണിക്കുട്ടന്‍ ദൂരേക്കു കൈചൂണ്ടി.....
കണ്ടോ അവിടെയൊരു മഞ്ഞത്തുരപ്പന്‍
തുരന്നുതുരന്ന് അവനാ കുന്നുമുഴുവന്‍
തിന്നുതീര്‍ക്കണതാരും കണുന്നില്ലാ???
നമ്മളെന്നാ അതിനെ പിടിക്കുന്നേ?
അമ്മ അടുക്കളയിലേക്കും
ചേച്ചി ഊണുമുറിയിലേക്കും
 വലിഞ്ഞെന്നുറപ്പായപ്പോള്‍...
നിസ്സഹായതയോടെ  അച്ഛന്‍
എലിപ്പത്തായം പതിയെ തുറന്നുകൊടുത്തു
ശരവേഗത്തില്‍ പ്രാണനുംകൊണ്ടുപായുന്ന
പന്നിയെലിയെക്കണ്ടു പേടിച്ച അമ്മുക്കുട്ടിയോടുണ്ണിക്കുട്ടന്‍
പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.....
ശ് ശ് ....ഒച്ചയുണ്ടാക്കല്ലേ....
അച്ച്ഛന്‍ കുന്നുതുരപ്പെന പിടിക്കാന്‍
കൂടൊഴിച്ചതാ.................




4 comments:

  1. കുന്നു തുരക്കുന്ന തുരപ്പനെ കുട്ടി കണ്ടല്ലോ, ഇനി കുന്നുതുരപ്പെന പിടിക്കാന്‍ കൂടൊഴിക്കാം. കവിത നന്നായിട്ടുണ്ട്!

    ReplyDelete
  2. എഴുതിയപ്പോഴേക്കും പറ്റം എവിടെ നിന്നൊപ്പിച്ചു?

    ReplyDelete