14 Sept 2009

കടങ്കഥ



കൊയ്ത്തും ,മെതിയും,
നാലുകെട്ടും, നടുമുറ്റവും,
വീടുനിറച്ചാളും,
സ്വന്തം നാട്ടിലൊരു
സര്‍ക്കാരുദ്യോഗവും ഉള്ളോന്റെ
കെട്ടുതാലിയ്ക്കേ കെട്ടുറപ്പുള്ളൂ.....
എള്ളിന്‍മൂക്കു വിറപ്പിച്ച്,
കൈതോല നിറമുള്ള താത്രിക്കുട്ടി
കാച്ചെണ്ണമണം കോര്‍ത്തുപിന്നിയ
കാര്‍ക്കൂന്തലാട്ടിയാട്ടി
ഒരിക്കല്‍ പട്ടാളക്കാരന്റെയും
പിന്നൊരിക്കല്‍ ഗള്‍ഫുകാരന്റെയും
ഇടനെഞ്ചിലെ നടവരമ്പിലൂടെ
ചവിട്ടിമെതിച്ച് നടന്നുപോയി
പിന്നീടെപ്പോഴോ റോഡായിമാറിയ
പാടവരമ്പിലൂടെ പതിവായി
സര്‍ക്കാരുദ്യോഗസ്ഥന്‍
പാമ്പായിഴഞ്ഞുവന്ന്,
താത്രിക്കുട്ടിയുടെ മുതുകത്ത്
താണ്ഡവമാടി....
അടുപ്പൂതിയും,അടപുഴുങ്ങിയും
താത്രിക്കുട്ടി നാള്‍ക്കുനാള്‍
നേര്‍ത്തു നേര്‍ത്തുവന്നു
അമ്മായിയമ്മയ്ക്കു വാതംകൊല്ലി പറിച്ചും
പശുവിനു പുല്ലരിഞ്ഞും
നാത്തൂന്മാരുടെപേറിനു
നാല്പാമരവെള്ളം കാച്ചിപ്പാര്‍ന്നും
താത്രിക്കുട്ടിയുടെ പേറെല്ലാം ചാപിള്ളകളായി
നെല്ലുണക്കി, വൈക്കോലുചിക്കി
വെള്ളംചുമന്ന് , വെണ്ണീരുകോരി
വെണ്ണപോലിരുന്ന താത്രിക്കുട്ടി
വെയ്ലത്തുണങ്ങിയ കൊണ്ടാട്ടമായിമാറി
കനത്തുകെട്ടിയ വേദനകള്‍ നെഞ്ചിലും
കറുത്തിരുണ്ട മുകില്ക്കൂറ്റന്‍മാരാകാശത്തും
മുക്രയിട്ടൊരു തുലാമാസത്തിലെ
ത്രിസന്ധ്യക്ക്,അന്തിത്തിരി
കണ്ണീരില്‍മുക്കിത്തെറുത്തിരിക്കേ,
ടാറുണങ്ങാത്തറോട്ടിലൂടെ,
പുത്തന്‍കാറിലൊരിക്കല്‍ പട്ടാളക്കാരനും
പിന്നൊരിക്കല്‍ ഗള്‍ഫുകാരനും
ചെളിതെറിപ്പിച്ചുകൊണ്ടു പാഞ്ഞുപോയത്രേ...!!!!!!!

9 comments:

  1. പുത്തന്‍കാറിലൊരിക്കല്‍ പട്ടാളക്കാരനും
    പിന്നൊരിക്കല്‍ ഗള്‍ഫുകാരനും
    ചെളിതെറിപ്പിച്ചുകൊണ്ടു പാഞ്ഞുപോയത്രേ
    very nice

    ReplyDelete
  2. കൈതോല നിറമുള്ള താത്രിക്കുട്ടി
    താത്രിക്കുട്ടിയുടെ കഥ വേദനിപ്പിച്ചെങ്കിലും.. നീന അതിമനോഹരമായ്‌ അവതരിപ്പിച്ചിരിക്കുന്നു. ഒരു നല്ല കവയിത്രിയുടെ ചാതുര്യം എല്ലാ വരികളിലും കാണാം.. എല്ലാ പോസ്റ്റുകളെ പോലെ ഈ പോസ്റ്റും ഇഷ്ടപ്പെട്ടു.. ഇനിയും എഴുതുക...ആശംസകളോടെ

    ReplyDelete
  3. ഇപ്പോഴാണീവഴിയാദ്യമായി....
    അപ്പോഴിനിക്കാണാമെന്നുമെന്നും...

    ReplyDelete
  4. നീനാ കവിതയിലാകെ ഒരു നാടോടിത്തം. ഈ കവിത കാച്ചിക്കുറുക്കിയിരുന്നെങ്കില്‍ ഹാ........!പെണ്ണിന്റെ ജീവിതത്തിന്റെ പിടക്കുന്ന ഛേദങ്ങള്‍. കൂപ്പുകൈ.

    ReplyDelete
  5. മര്മ്മത്തു കൊള്ളുന്ന കനമുള്ള നര്മ്മം. തുടരുക

    ReplyDelete
  6. Varthamana kaalam,.....

    ReplyDelete